ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം; പുനഃപരിശോധനാ ഹര്‍ജിക്ക് നീക്കം
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി സമയം നിശ്ചയിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ആര്‍. മഹാദേവനും ഉള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് ഹര്‍ജി സമര്‍പ്പിക്കാനുള്ള നീക്കം. ഭരണഘടനയില്‍ പോലും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുക. കോടതി ഭരണഘടന ഭേദഗതിയിലൂടെ മാത്രമേ ഇത്തരമൊരു വ്യവസ്ഥ വരുത്താനാകൂവെന്നും ഇതിലൂടെ പാര്‍ലമെന്റിന്റെ അധികാരത്തില്‍ കടന്നുകയറിയതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. തീരുമാനത്തില്‍ ദൈര്‍ഘ്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമെന്ന നിര്‍ദേശവുമുണ്ട്.